തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു. ഡ്രോൺ ഉൾപ്പെടെ നിരോധിച്ചു.
ഡ്രോൺ റൂൾസ് 2021ലെ ചട്ടം 24 പ്രകാരമാണ് വ്യോമമേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരം സിറ്റി പോലീസ് ജില്ലാ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് നിരോധനം നിലവിലുണ്ടാകുക. ഈ മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപത്തെ വയലാർ പ്രതിമയ്ക്ക് മുന്നിൽനിന്നാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക.
വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി സഞ്ചരിക്കുന്ന ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിക്കും. ചലച്ചിത്രതാരം ആസിഫ് അലിയും ചടങ്ങിൽ പങ്കെടുക്കും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പാളയത്തെ പ്രത്യേക പവലിയനിൽനിന്ന് ഘോഷയാത്ര വീക്ഷിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന പാതകളിലും ഘോഷയാത്ര കടന്നുപോകുന്ന മേഖലകളിലും പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.